Jump to content

Wy/ml/തലശ്ശേരി

From Wikimedia Incubator
Wy/ml/തലശ്ശേരി

കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ് തലശ്ശേരി. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ തെക്കായാണ് തലശ്ശേരി സ്ഥിതിചെയ്യുന്നത്.

മനസ്സിലാക്കാന്‍

[edit | edit source]

ക്രിക്കറ്റിന്റെയും സർക്കസിന്റെയും കേക്കിന്റെയും നഗരമായാണ് തലശ്ശേരി അറിയപ്പെടുന്നത്. തലശ്ശേരി മുൻസിപ്പൽ ക്രിക്കറ്റ് മൈതാനത്ത് (തലശ്ശേരി സ്റ്റേഡിയം) ആദ്യമായി ക്രിക്കറ്റ് കളിച്ചുതുടങ്ങിയത് 1800-കളുടെ ആദ്യത്തിലാണ്. കേണൽ ആർതർ വെല്ലസ്ലിയാണ് മലബാർ പ്രദേശത്തും തലശ്ശേരി പട്ടണത്തിലും ക്രിക്കറ്റ് കൊണ്ടുവന്നത്. കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി മമ്പള്ളി റോയൽ ബിസ്ക്കട്ട് ഫാക്ട്ടറിയെന്നപേരിൽ 1880-ൽ തലശ്ശേരിയിലാണ് സ്ഥാപിക്കപ്പെട്ടത്. കേരളത്തിൽ ആദ്യമായി ക്രിസ്മസ് കേക്ക് ഉണ്ടാക്കിയത് ഇവിടെയാണ്. തലശ്ശേരി കുരുമുളക് ലോകപ്രശസ്തമാണ്.

എത്തിച്ചേരാന്‍

[edit | edit source]

വിമാനമാര്‍ഗ്ഗം

[edit | edit source]

ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ആണ്. 13 കിലോമീറ്റർ ഇവിടെക്കുള്ള ദൂരം. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 70 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു.

റോഡു മാര്‍ഗ്ഗം

[edit | edit source]

ദേശീയപാത 66 (പഴയ ദേശീയ പാത 17) തലശ്ശേരിയിലൂടെ കടന്നു പോകുന്നു. കോഴിക്കോട് 67 കിലോമീറ്റർ ദൂരെയാണ്. തലശ്ശേരി-കൂർഗ് റോഡ്(തലശ്ശേരി-കൂട്ടുപുഴ സംസ്ഥാനപാത) 319 കിലോമീറ്റർ അകലെയുള്ള ബെംഗളൂരുമായി ബന്ധപ്പെടുത്തുന്നു.

തീവണ്ടി മാര്‍ഗ്ഗം

[edit | edit source]

തലശ്ശേരി റെയിൽ‌വേ സ്റ്റേഷൻ മിക്കവാറും എല്ലാ ട്രെയിനുകളും നിർത്തുന്ന ഒരു പ്രധാനപ്പെട്ട റെയിൽ‌വേ സ്റ്റേഷൻ ആണ്.

ഭക്ഷണവിഭവങ്ങള്‍

[edit | edit source]

സസ്യാഹാരം

[edit | edit source]

കേരളീയ രീതിയിലുള്ള എല്ലാ സസ്യ വിഭവങ്ങളും ലഭിക്കും.

മാംസാഹാരം

[edit | edit source]

കൈമ അരിയും ലഗോൺ ചിക്കനും ഉപയോഗിച്ചുള്ള തലശ്ശേരി ദം ബിരിയാണി ആണ് മുഖ്യ ആകർഷണം. നാടൻ മീൻകറിയും സാമ്പാറും കടൽ വിഭവങ്ങളും ഉൾപ്പെടെയുള്ള മലബാർ ഊൺ ലഭിക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഹോട്ടലുകൾ നഗരത്തിൽ ഉണ്ട്. കല്ലുമ്മക്കായ പോലുള്ള കടൽ മത്സ്യ വിഭവങ്ങൾ കൊണ്ടുള്ള മലബാർ സ്പെഷ്യൽ സ്നാക്സുകളും ലഭ്യമാണ്. ചൈനീസ്, അറേബ്യൻ വിഭവങ്ങൾ തലശ്ശേരി പട്ടണത്തിൽ ലഭിക്കും. മട്ടൻ, ബീഫ് എന്നിവയും സുലഭമാണ്.

പഴങ്ങള്‍

[edit | edit source]

തലശ്ശേരി മാർക്കറ്റ് എല്ലാത്തരം പഴങ്ങളും ലഭിക്കുന്ന മാർക്കറ്റാണ്.

പാനീയങ്ങൾ

[edit | edit source]

തെങ്ങിൻ കള്ള് നിർമ്മാണം (കള്ള് ചെത്ത്) ഉള്ളതിനാൽ ധാരാളം കള്ള് ഷോപ്പുകൾ ഉണ്ട്. ശുദ്ധമായ തെങ്ങിൻ കള്ള് ലഭിക്കും. തലശ്ശേരി കോക്ടയിൽ പ്രസിദ്ധമാണ്.

മധുരപലഹാരങ്ങൾ

[edit | edit source]

കേക്കുകളുടെ നാടാണ് തലശ്ശേരി. ബ്രിട്ടീഷ് കാലത്ത് ആദ്യമായി കേക്ക് ഉണ്ടാക്കിയ മാമ്പള്ളി ബേക്കറി ഇന്നും നിലനിൽക്കുന്നുണ്ട്. മലബാറിലെ പ്രസിദ്ധമായ ജയഭാരതി ബേക്കറി, MRA തുടങ്ങി നിരവധി ബേക്കറികൾ തലശ്ശേരിയിൽ കാണാം. മലബാറിലെ സ്പെഷ്യൽ ആയ കിണ്ണത്തപ്പം, കോഴിക്കോടൻ ഹൽവ, കപ്പകൊണ്ടുള്ള കോഴിക്കാൽ, അരിക്കടുക്ക (കല്ലുമ്മക്കായായും അരിപ്പൊടിയും ചേർത്ത് എണ്ണയിൽ വറുത്തെടുക്കുന്ന ഒരു വിഭവം), ഉന്നക്കായ (ഏത്തപ്പഴം പുഴുങ്ങി അകത്തു മധുരം നിറച്ച ഒരു പലഹാരം) തുടങ്ങിയവ സുലഭമാണ്.


ചുറ്റിക്കാണാന്‍

[edit | edit source]

തലശ്ശേരി കോട്ട

[edit | edit source]
തലശ്ശേരി കോട്ടയുടെ കവാടം

തലശ്ശേരിയിൽ, അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് തലശ്ശേരി കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ തീരത്ത് തങ്ങളുടെ സൈനിക ശക്തി പ്രബലമാക്കുന്നതിനായി 1708-ൽ സ്ഥാപിച്ചതാണ് ഈ കോട്ട.

ഓവർബറിസ് ഫോളി

[edit | edit source]

ജില്ലാ കോടതിയുടെ അടുത്തായി ഒരു പാർക്കിനോടുചേർന്ന് ഒരു കുന്നിനു മുകളിലാണ് ഫോളി സ്ഥിതിചെയ്യുന്നത്. സബ് കളക്ടറുടെ കെട്ടിടത്തിൽ നിന്ന് ഫോളി താഴെ പാറകളിലേക്ക് ചരിഞ്ഞിറങ്ങുന്നു. ഈ നിർമിതിയുടെ നിർമാതാവായ ഇ.എൻ. ഓവർബറിയുടെ പേരിലാണ് ഫോളി അറിയപ്പെടുന്നത്. ഇംഗ്ലീഷുകാരനായ ഇ.എൻ. ഓവർബറി തലശ്ശേരിയിൽ 1870-കളിൽ ജില്ലാ കോടതിയിലെ ജഡ്ജിയായി ജോലി നോക്കിയിരുന്നു. 1879-ൽ ഓവർബറി മലമുകളിൽ ഒരു വിശ്രമസങ്കേതം കെട്ടുവാൻ ആരംഭിച്ചു. അദ്ദേഹത്തിന് അത് പൂർത്തിയാക്കുവാനാ‍യില്ല. പിന്നീട് ഈ സ്ഥലം "ഓവർബറിസ് ഫോളി" എന്ന് അറിയപ്പെട്ടു. ഫോളി അറബിക്കടലിലേക്ക് മനോഹരമായ ഒരു കാഴ്ച ഒരുക്കുന്നു. ഇന്ന് ഓവർബറിസ് ഫോളി പുനരുദ്ധരിച്ച് മോടിപിടിപ്പിച്ച് ഒരു വിനോദസഞ്ചാര സങ്കേതമായി മാറ്റിയിരിക്കുന്നു. തദ്ദേശവാസികൾ വൈകുന്നേരങ്ങളിലെ ഒരു വിശ്രമസങ്കേതമായി ഈ സ്ഥലം ഉപയോഗിക്കുന്നു. അടുത്തകാലത്തായി കടലിനോടുചേർന്ന് ഒരു തുറസ്സായ കോഫി കടയും തുറന്നിട്ടുണ്ട്.

തലശ്ശേരി കടൽപ്പാലം

[edit | edit source]

തലശ്ശേരി മത്സ്യ മാർക്കറ്റിനോട് ചേർന്ന് ബ്രിട്ടീഷ് കാലത്ത് നിർമ്മിക്കപ്പെട്ട കടൽപ്പാലം വലിയ കെടുപാടുകൾ കൂടാതെ നിലനിൽക്കുന്നുണ്ട്. കടൽപ്പാലാത്തോട് ചേർന്ന് തീരത്ത് കല്ലുപ്പാകിയതും അലങ്കാര വിളക്കുകൾ കൊണ്ട് അലങ്കരിച്ചതുമായ നടപ്പാത നൈറ്റ്‌ ലൈഫ് (അർദ്ധരാത്രി വരെ സജീവമായ തെരുവ്) അനുഭവം നൽകുന്നു.

തലശ്ശേരി ബീച്ച്

[edit | edit source]

മത്സ്യ മാർക്കറ്റിനോട് ചേർന്ന് ചെറിയൊരു ബീച്ച് ഉണ്ട്. വൈകുന്നേരങ്ങളിൽ കടൽപ്പാലവും ബീച്ചും മാർക്കറ്റും ചേർന്ന് നല്ലൊരു കാഴ്ചയാണ് ഒരുക്കുന്നത്.

ആരാധനാലയങ്ങൾ

[edit | edit source]

മുസ്ലിങ്ങളുടെയും ഹിന്ദുക്കളുടെയും കൃസ്ത്യാനികളുടെയും ചരിത്രപ്രധാനമായ നിരവധി ആരാധനാലയങ്ങൾ നിലകൊള്ളുന്ന സ്ഥലമാണ് തലശ്ശേരി. നൂറ്റാണ്ടുകൾ പഴക്കമുള്ള കൃസ്ത്യൻ പള്ളികളും സെമിത്തേരികളും മുസ്ലിം പള്ളികളും നഗരത്തിൽ ഉണ്ട്. 200 വർഷം പഴക്കമുള്ള മുസ്ലിം ആരാധനാലയമായ ഓടത്തിൽ പള്ളി പ്രസിദ്ധമാണ്. ശ്രീനാരായണ ഗുരു പ്രതിഷ്ഠ ചെയ്ത തലശ്ശേരി ജഗദ്‌നാഥ ക്ഷേത്രവും ഇവിടുത്തെ ഉത്സവവും ആണ് മറ്റൊരു പ്രധാന ആകർഷണം. തിരുവാങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം കണ്ണൂർ ജില്ലയിൽ ശ്രീരാമ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണ്. യൂറോപ്യൻ ശൈലിയിൽ നിർമ്മിക്കപ്പെട്ട കോളണിയൽ കാലത്തെ ചർച്ചുകളും കത്തീഡ്രലുകളും നഗരത്തിൽ കാണാം. നിരവധി ബ്രിട്ടീഷ് പ്രമുഖരെ ഉൾപ്പെടെ അടക്കം ചെയ്ത സെമിത്തേരി തലശ്ശേരി കടപ്പുറത്തുണ്ട്.

അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍

[edit | edit source]

ധർമ്മടം തുരുത്ത്

[edit | edit source]
ധർമടം തുരുത്ത്

തലശ്ശേരിയിൽ നിന്നും ഏകദേശം 8 കിലോമീറ്റർ വടക്കായി അറബിക്കടലിൽ സ്ഥിതിചെയ്യുന്ന 2 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഒരു ദ്വീപാണ് ധർമ്മടം തുരുത്ത്.

മുഴപ്പിലങ്ങാട് ബീച്ച്

[edit | edit source]
മുഴപ്പിലങ്ങാട് കടലത്തീരം

കേരള തീരത്തുള്ള ഒരായൊരു ഡ്രൈവ്-ഇന്‍ ബീച്ച് (തീരത്ത് മണലില്‍ കൂടി വാഹനമോടിക്കാന്‍ സാധിക്കുന്ന) ആണ് മുഴപ്പിലങ്ങാട് ബീച്ച്. 5 കിലോമീറ്റർ ദൈർഘ്യം വരുന്ന കടൽത്തീരം ഉറച്ച മണൽതിട്ട ആയതിനാലാണ് വാഹനം ഓടിക്കാൻ സാധിക്കുന്നത്. തലശ്ശേരിയിൽ നിന്നും ദേശീയ പാത 66 -ല്‍ കണ്ണൂർ ഭാഗത്ത് ഏകദേശം 7 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ ഇവിടെക്കെത്താം.

മ്യൂസിയം

[edit | edit source]

തെയ്യം മ്യൂസിയും

[edit | edit source]

അണ്ടലൂർ കാവിനോട് ചേർന്ന് തെയ്യം മ്യൂസിയം ഉണ്ട്. ഉത്തരമലബാറിലെ തെയ്യങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു നൽകുവാനായി 2018 ൽ സംസ്ഥാന സർക്കാരിൻറെ സഹായത്തോടുകൂടി ആരംഭിച്ചു. അണ്ടലൂർക്കാവിൻറെ പെരുമയും തനിമയും നിലനിർത്തിക്കൊണ്ടാണ് ഈ തെയ്യം അനുഷ്ഠാന-വ്യാഖ്യാന കേന്ദ്രം പണികഴിപ്പിച്ചിട്ടുള്ളത്. പരമ്പരാഗത വാസ്തുശിൽപ്പ മാതൃകയിലാണ് ഇതിൻറെ നിർമ്മാണം. വിവിധ തെയ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും ഇവിടെ ലഭ്യമാകും. പ്രധാനമായും തെയ്യങ്ങളുടെ വേഷഭൂഷാദികളും മുഖത്തെഴുത്ത് പ്രത്യേകതകൾ വ്യക്തമാക്കുന്ന മാതൃകകളും ആണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. കൂടാതെ ഒരു ഫോട്ടോ ഗാലറിയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ഗുണ്ടർട്ട് ബംഗ്ലാവ്

[edit | edit source]

ധർമ്മടത്തിനു അടുത്തായി 2 കിലോമീറ്റർ ദൂരത്തിൽ ഇല്ലിക്കുന്നിലാണ് ഗുണ്ടർട്ട് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ദേശീയപാതയ്ക്ക് അരികിലാണ് ഈ ഭവനം. ചരിത്രപ്രാധാന്യമുള്ള ഈ ബംഗ്ലാവിൽ പ്രശസ്ത ജർമ്മൻ പണ്ഡിതനും മലയാളത്തിലെ ആദ്യത്തെ നിഘണ്ടുവിന്റെ കർത്താവുമായ ഹെർമ്മൻ ഗുണ്ടർട്ട് താമസിച്ചിരുന്നു. ഇപ്പോൾ ഇവിടെ പുരാവസ്തു വകുപ്പിന്റെ മ്യൂസിയം ആണ്.


Create category

നഗര യാത്രാ വഴികാട്ടി തലശ്ശേരി രൂപരേഖ ആകുന്നു. കൂടുതൽ ഉള്ളടക്കം ആവശ്യമാണ്. ഇതിന് ഒരു മാതൃകാ ഘടന ഉണ്ട്, പക്ഷേ ആവശ്യമുള്ളത്ര വിവരങ്ങൾ ഇല്ല. ദയവായി കുതിച്ച് മുന്നേറി ഇത് വളരാൻ സഹായിക്കൂ!