Jump to content

Wy/ml/ചങ്ങനാശ്ശേരി

From Wikimedia Incubator
< Wy | ml
Wy > ml > ചങ്ങനാശ്ശേരി

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള പട്ടണവും, താലൂക്കുമാണ്‌ ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും ആയിരുന്ന ചങ്ങനാശ്ശേരി പട്ടണം അഞ്ചുവിളക്കിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ചങ്ങനാശ്ശേരി നഗരം 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു. ഈ പ്രദേശം ചങ്ങനാശ്ശേരി നഗരസഭയുടെ കീഴിലാണ്‌. എം.സിറോഡിനരുകിലായി സ്ഥിതിചെയ്യുന്ന ഈ നഗരം ഇന്ന് മധ്യകേരളത്തിലെ പ്രധാന വ്യാപാരകേന്ദ്രമാണ്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടിന്റേയും ഹൈറേഞ്ചിലെ പ്രധാന സ്ഥലങ്ങളുടെയും മദ്ധ്യഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ അരി, കുരുമുളക്‌, ഇഞ്ചി, ഏലം എന്നിവയുടെ വ്യപാരത്തിൽ മുൻപന്തിയിലാണ്‌

ചരിത്ര സ്മാരകങ്ങൾ

[edit | edit source]

മന്നം സമാധി

[edit | edit source]

കേരളത്തിലെ പ്രമുഖ സാമുദായിക പരിഷ്‌കർത്താവായ മന്നത്ത്‌ പത്മനാഭന്റെ സമാധി മന്ദിരം പെരുന്നയിലാണ്. നായർ സർവീസ്‌ സൊസൈറ്റിയുടെ ആസ്ഥാനത്തിനടുത്താണിത്‌. എം.സി. റോഡിന് അഭിമുഖമായിട്ട് ഇത് ചങ്ങനാശ്ശേരി പെരുന്നയിൽ സ്ഥിതിചെയ്യുന്നു.

എട്ടു വീട്ടിൽപിള്ളമാരുടെ സമാധി

[edit | edit source]

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ കാലത്ത് കൊല്ലചെയ്യപെട്ട എട്ടുവീട്ടിൽ പിള്ളമാരുടെ പ്രേത ശല്യം, മാർത്താണ്ഡവർമ്മയ്ക്കുശേഷം ഭരണത്തിലേറിയ ധർമ്മരാജാവിനു അനുഭവപ്പെട്ടു. അതിനെ തുടർന്ന് കുമാരമംഗലത്തു മനയിലെ നമ്പൂതിരിയെ കൊണ്ട് ആവാഹിക്കുകയും അവരുടെ ആത്മാക്കളെ വേണാട്ടിൽനിന്നും ആവാഹിച്ചു കുടങ്ങളിലാക്കി ചങ്ങനാശ്ശേരിയിൽ പുഴവാതിലെ കുമാരമംഗലത്തുമനയിൽ കുടിയിരുത്തി. അന്ന് ധർമ്മരാജാവ് കാർത്തിക തിരുനാൾ ചങ്ങനാശ്ശേരിയിൽ എഴുന്നള്ളുകയും വലിയ ഗുരുതി നടത്തി ഇനി മേലാൽ ചങ്ങനാശ്ശേരിയിൽ കാലുകുത്തുകയില്ല എന്നും കാലുകുത്തിയാൽ തിരിച്ച് പിള്ളമാരുടെ ആത്മാക്കളെ തിരിച്ചു കൊണ്ടുപൊക്കോളാം എന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുകയുണ്ടായി. അതിനുശേഷം തിരുവിതാംകൂറിൽനിന്നും രാജാക്കന്മാർ ആരുംതന്നെ ചങ്ങനാശ്ശേരിയിൽ കാലുകുത്തിയിട്ടില്ലത്രേ. ചങ്ങനാശ്ശേരി വഴി കടന്നുപോകേണ്ടി വന്നിരുന്ന അവസരത്തിൽ കറുത്ത തുണികൊണ്ട് വശങ്ങൾ മറക്കുകയും പതിവായിരുന്നു.


ചിത്തിര തിരുനാൾ ബാലരാമ വർമ്മമഹാരാജാവാണ് ഇത് തിരുത്തിയത്. അദ്ദേഹം തന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് താമസിച്ചു പഠിച്ചത് ചങ്ങനാശ്ശേരി വാഴപ്പള്ളിയിലായിരുന്നു. പിന്നീട് മഹാരാജാവായതിനുശേഷം എൻ.എസ്.എസിന്റെ ഉദ്ഘാടന പരിപാടികൾക്കായി ചങ്ങനാശ്ശേരിയിൽ വരുകയുണ്ടായി. അതായിരുന്നു ധർമ്മരാജാവിനു ശേഷം ചങ്ങനാശ്ശേരിയിൽ വന്ന ആദ്യ തിരുവിതാംകൂർ മഹാരാജാവ്. അന്ന് അദ്ദേഹം തിരു-കൊച്ചി രാജപ്രമുഖനായിരുന്നു. മന്നത്തു പദ്മനാഭന്റെ ആഗ്രഹപ്രകാരമാണ് അദ്ദേഹം അന്ന് പതാക ഉയർത്തി പെരുന്നയിലെ എൻ.എസ്.എസ് ഹിന്ദു കോളേജ് ഉദ്ഘാടനത്തിനായി എത്തിയത്. ഇന്നും പുഴവാതിൽ എട്ടുവീട്ടിൽ പിള്ളമാരുടെ സമാധിയുണ്ട്. വർഷത്തിലൊരു പ്രാവിശ്യം ഗുരുതിയും പൂജകളും ഇവിടെ പതിവുണ്ട്.

ചങ്ങനാശ്ശേരി പുഴവാതിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ലക്ഷ്മീപുരം കൊട്ടാരം.[സ്വാതി തിരുനാൾ മഹാരാജാവിന്റെ പിതാവായ രാജാരാജവർമ്മ വലിയ കോയിത്തമ്പുരാന്റെ ഗൃഹമാണിത്. 1811-ൽ അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന റാണി ഗൗരി ലക്ഷ്മിബായിയുടെ നിർദ്ദേശപ്രകാരം സ്വഭർത്താവ് രാജരാജവർമ്മ വലിയകോയിത്തമ്പുരാന്റെ കുടുംബത്തിനുവേണ്ടി തെക്കുംകൂർ രാജ്യ ആസ്ഥാനമായിരുന്ന ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു ലക്ഷ്മീപുരം കൊട്ടാരം അന്നുവരെ ചങ്ങനാശ്ശേരിയിലെ നീരാഴിക്കെട്ടു കൊട്ടാരത്തിലായിരുന്ന രാജകുടുംബാംഗങ്ങളെ ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.

മന്നം മ്യൂസിയം

[edit | edit source]

മാർ കുര്യാളശ്ശേരി മ്യൂസിയം

[edit | edit source]

വാഴപ്പള്ളി മതുമൂല

[edit | edit source]

വാഴപ്പള്ളി ക്ഷേത്രത്തിന്റെയും, അനുബന്ധ കെട്ടിടങ്ങളുടേയും, സുരക്ഷയ്ക്കായി പത്തില്ലത്തിൽ പോറ്റിമാർ നിർമ്മിച്ചതായിരുന്നു ഇത്. മാർത്താണ്ഡവർമ്മയുടെ തെക്കുക്കൂർ ആക്രമണത്തിൽ തന്നെ ഈ മൺകോട്ടയുടെ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ശേഷിച്ചിരുന്ന ഭാഗമായിരുന്നു വാഴപ്പള്ളിയിൽ എം.സി റോഡിനരികുലായി ഉണ്ടായിരുന്ന മതിൽക്കെട്ട്. ഈ മതിൽക്കെട്ട് വാമൊഴിയിലൂടെ മതിൽ മൂലയായും പിന്നീട് മതുമൂലയായും തീർന്നു.

ആനന്ദാശ്രമം

[edit | edit source]

ആനന്ദാശ്രമം സ്ഥിതിചെയ്യുന്നത് വാഴപ്പള്ളി മോർക്കുളങ്ങരയിലാണ്. കൊല്ലവർഷം 10-09-1103 മഹാത്മാഗാന്ധിയാൽ ഉത്ഘാടനം ചെയ്യപ്പെട്ട സ്കൂൾ സ്ഥിതിചെയ്യുന്നത് ഈ ആശ്രമ പരിസരത്താണ്. ശ്രീ നാരായണതീർത്ഥർസ്വാമിയുടെ ആശ്രമമായിരുന്നു ഇവിടെ, അതിനോട് അനുബന്ധിച്ചാണ് സ്കൂൾ ആരംഭിച്ചതും ഗാന്ധിജിയാൽ ഉത്ഘാടനം ചെയ്യപ്പെട്ടതും. സ്വാതന്ത്രസമരത്തോട് അനുബന്ധിച്ചുള്ള ജനസമ്പർക്ക പരിപാടികൾക്കായി ശ്രീ നാരായണ ഗുരു ഗാന്ധിജിയെ ഇവിടേക്ക് ക്ഷണിക്കുകയും, ഇവിടെ ആശ്രമ മുറ്റത്തെ ആൽമരചുവട്ടിൽ വെച്ചു നടത്തിയ സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുക്കുകയും ചെയ്തിരുന്നു. എസ്.എൻ.ഡി.പി യുടെ ഒന്നാം നമ്പർ ശാഖയാണ് ആനന്ദാശ്രമം.

ഭാഗമായത്: Wy/ml/കോട്ടയം