Wy/ml/വർക്കല
തിരുവനന്തപുരം നഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ് വർക്കല സ്ഥിതി ചെയ്യുന്നത്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ ഇത് ഇന്നൊരു തീർത്ഥാടനകേന്ദ്രം കൂടിയാണ്.
കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കല. നല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളും, അവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഭൂമിശാസ്ത്രപരമായി തീരമാണെങ്കിലും കടലിന് അടുത്ത് കിടക്കുന്ന തീരപ്രദേശം കുന്നുകളാണ്. വർക്കല കടൽത്തീർത്തിനടുത്തായി ഒരു പ്രകൃതി ചികിത്സാ കേന്ദ്രമുണ്ട്.
വർക്കലയിൽ എത്തിച്ചേരുന്നതിനായി റോഡു മാർഗ്ഗവും റെയിൽ മാർഗ്ഗവും സാധിക്കും. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ വർക്കല റെയിൽവേ സ്റ്റേഷൻ ആണ്. കാപ്പിൽ, ഇടവ, അകത്തുമുറി റെയിൽവേ സ്റ്റേഷനുകളും വർക്കലയ്ക്കടുത്താണ്. ഏറ്റവുമടുത്ത വിമാനത്താവളം തിരുവനന്തപുരം വിമാനത്താവളമാണ്. വർക്കലയിൽ റെയിൽവേ സ്റ്റേഷനടുത്തായി ഒരു ബസ് സ്റ്റേഷൻ ഉണ്ട്. സ്വകാര്യ ബസുകളും കെ എസ് ആർ ടി സി ബസുകളും ഇവിടെ നിന്ന് പ്രവർത്തനം നടത്തുന്നുണ്ട്. വർക്കലയ്ക്കടുത്തുള്ള മറ്റ് നഗരങ്ങൾ ആറ്റിങ്ങൽ, പരവൂർ, പാരിപ്പള്ളി, കടക്കാവൂർ എന്നിവയാണ്.
വർക്കല ഒരു മുൻസിപ്പാലിറ്റി ആണ്. വർക്കല താലൂക്കിന്റെ ആസ്ഥാനവും വർക്കല തന്നെയാണ്. വർക്കലയിലെ കടപ്പുറം പാപനാശം കടപ്പുറം എന്നാണ് അറിയപ്പെടുന്നത്.ഇവിടെ കർക്കടകവാവ് ദിനം വാവുബലിയിടുന്നതിനായി വലിയ ജനത്തിരക്ക് അറിയപ്പെടാറുണ്ട്. ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥിതി ചെയ്യുന്നത് ശിവഗിരി എന്ന സ്ഥലത്താണ്. ഇതിനടുത്തു തന്നെ, വർക്കല തുരപ്പ് എന്നറിയപ്പെടുന്ന, പണ്ട് ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്ന ഒരു തുരങ്കം കാണാം.നാരായണഗുരുകുലം, ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സിറ്റി ഫോർ ബ്രഹ്മവിദ്യ ആന്റ് റിസർച്ച് സെന്റർ, ശിവഗിരി മഠം എന്നിവ ഇവിടത്തെ പ്രമുഖ അധ്യാത്മികകേന്ദ്രങ്ങളാണ്. വർക്കലയ്ക്കടുത്ത് ധാരാളം ടൂറിസം പ്രാധാന്യമുള്ള സ്ഥലങ്ങളുണ്ട്. വർക്കലയ്ക്കടുത്തുള്ള ചെറുന്നിയൂർ പഞ്ചായത്തിന്റെ അതിർത്തിയിലെ കോഴിത്തോട്ടം കായലിലെ പൊന്നുന്തുരുത്ത് എന്ന ചെറു ദ്വീപ് ഇതിൽ പ്രധാനപ്പെട്ടതാണ്. കാപ്പിൽ കടൽത്തീരവും, പരവൂർ കായലും ഒക്കെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളാണ്.