Wy/ml/വൈത്തിരി
ഇന്ത്യയിലെ കേരള സംസ്ഥാനത്തിലെ വയനാട് ജില്ലയിലെ ഒരു ഹിൽസ്റ്റേഷനാണ് വൈത്തിരി. 1300 മീറ്റർ നിരപ്പിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാപ്പി, ഏലം, കുരുമുളക്, റബ്ബർ എന്നിവ പ്രധാന കൃഷികളാണ്. പ്രകൃതിദൃശ്യങ്ങൾ വളരെ നയനാനന്ദകരമാണ്.

നീലഗിരി മലകളിലായി ഇടതൂർന്ന മഴക്കാടുകൾക്ക് ഇടയിലായുള്ള വൈത്തിരി ഒരു ജൈവ-ടൂറിസം കേന്ദ്രമാണ്. പല വിനോദ സഞ്ചാര കേന്ദ്രങ്ങളും താമസ സ്ഥലങ്ങളും പുതുതായി ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. വൈത്തിരിയിലൂടെ ഒരു അരുവിയും ഒഴുകുന്നുണ്ട്. വൈത്തിരിയിൽ നിന്ന് കാട്ടിലേക്കുള്ള പല സാഹസിക യാത്രകളും പുറപ്പെടാറുണ്ട്. പല വന്യജീവികളുടെയും പക്ഷികളുടെയും വിഹാരരംഗമാണ് വൈത്തിരി ഉൾപ്പെടുന്ന വയനാട്ടിലെ കാടുകൾ. ആന, മാൻ, കുറുക്കൻ, പറക്കും അണ്ണാൻ, മുള്ളൻപന്നി, പലയിനം പക്ഷികൾ തുടങ്ങിയവയെ വൈത്തിരിയിലെ കാടുകളിൽ കാണാം.
വഴി
കോഴിക്കോട് നിന്ന് 66 കിമീ ദൂരത്തായാണ് (2 മണിക്കൂർ യാത്ര) വൈത്തിരി സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും ഇവിടേക്ക് വഴികളുണ്ട്.
ട്രെയിൻ
കോഴിക്കോട് ആണ് (Calicut, Code# CLT) ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. 68 കിലോമീറ്ററാണ് സ്റ്റേഷനിൽ നിന്ന് വൈത്തിരിയിലേക്ക് ദൂരം. ഈ റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസ്സുകളും സ്വകാര്യബസ്സുകളും സർവീസ് നടത്തുന്നുണ്ട്. അതുവഴി പോകുന്ന എല്ലാ ബസ്സുകൾക്കും വൈത്തിരിയിൽ സ്റ്റോപ്പ് ഉണ്ട്. ടാക്സി സർവീസുകളും ലഭ്യമാണ്.
വിമാന മാർഗ്ഗം
കരിപ്പൂരിലുള്ള കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ടാണ് (Calicut, Code# CCJ) ഏറ്റവും അടുത്തായി ഉള്ളത്. ഏകദേശം 90 കിമീ ദൂരത്താണ് എയർപോർട്ട്. ടാക്സി സൗകര്യം ലഭ്യമാണ്. കോഴിക്കോട് നഗരത്തിലേക്ക് ബസ്സ് പിടിച്ചാൽ അവിടെ നിന്നും വൈത്തിരി വഴി പോകുന്ന ബസ്സ് കിട്ടും.