Wy/ml/പത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തൻ എന്ന സർപ്പത്തിന്മേൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതിൽ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നൽകുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേ കോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്.
ഐതിഹ്യം
[edit | edit source]ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തുളു സന്ന്യാസിയായ ദിവാകര മുനിയാൽ കലിയുഗാരംഭത്തിൽ 900-കളിൽ പ്രതിഷ്ഠിതമായതാണ്. ദിവാകര മുനി വിഷ്ണുപദം പ്രാപിക്കുന്നതിനായി കഠിന തപസ്സനുഷ്ഠിക്കുകയും, തപസ്സിൽ സന്തുഷ്ടനായ മഹാവിഷ്ണു ബാലരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. ആ ശിശുവിനെ കണ്ട് മുനി സന്തുഷ്ടനായി. തന്റെ പൂജാവേളയിൽ ആ ദിവ്യകുമാരന്റെ ദർശനം തനിക്ക് നിത്യവും ലഭ്യമാകണമെന്ന് മുനി പ്രാർഥിച്ചു. തന്നോട് അപ്രിയമായി പ്രവർത്തിക്കുന്നതു വരെ താൻ ഉണ്ടാകുമെന്ന് ബാലൻ സമ്മതിക്കുകയും ചെയ്തു. പലപ്പോഴും മുനിയുടെ മുന്നിൽ ബാലൻ വികൃതി പ്രകടിപ്പിക്കുമായിരുന്നു. ക്രമേണ അത് അനിയന്ത്രിതമായി. മുനി ധ്യാനനിരതനായിരിക്കവെ മഹാവിഷ്ണുവിന്റെ പ്രതീകമായി പൂജിച്ചിരുന്ന സാളഗ്രാമം ബാലൻ വായ്ക്കുള്ളിലാക്കി. സാളഗ്രാമം അശുദ്ധമാക്കിയതിൽ രോഷാകുലനായ മുനി ഇടതു കൈ കൊണ്ട് ബാലനെ തള്ളിമാറ്റി. കുണ്ഠിതപ്പെട്ട ബാലൻ ഇനിയെന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണം എന്നുരുവിട്ട് അപ്രത്യക്ഷനായി. ബാലന്റെ വേർപിരിയലിൽ ദുഃഖിതനായ മുനി ബാലനെ കാണാൻ അനന്തൻ കാട് തേടി യാത്ര തുടർന്നു.
ദിവാകരമുനിയല്ല വില്വമംഗലമായിരുന്നു അനന്തങ്കാട്ടിൽ വന്നതെന്നും ദർശനം അദ്ദേഹത്തിനാണു ലഭിച്ചതെന്നുമുള്ള മറ്റൊരു ഐതിഹ്യം കൂടി പ്രചാരത്തിലുണ്ട്. ഒരിക്കൽ ഗുരുവായൂരപ്പന് വില്വമംഗലം സ്വാമിയാർ ശംഖാഭിഷേകം നടത്തുകയായിരുന്നു. അപ്പോൾ ഭഗവാൻ വന്ന് അദ്ദേഹത്തിന്റെ കണ്ണുകൽ പൊത്തിപ്പിടിച്ചു. ദേഷ്യം വന്ന വില്വമംഗലം ഇതിനെതിരെ പറഞ്ഞപ്പോൽ ഭഗവാൻ അനന്തൻകാട്ടിലേക്കുപോയി. അനന്തൻകാട് എവിടെയാണെന്നറിയാത്ത വില്വമംഗലം അവിടം തപ്പിനടന്നു. അതിനിടെയിൽ തൃപ്രയാറിലെത്തിയപ്പോൾ ഭഗവാൻ അത് ശുചീന്ദ്രം സ്ഥാണുമാലയപ്പെരുമാളുടെ ജടയാണെന്ന് അദ്ദേഹത്തോട് പറഞ്ഞു.