Wy/ml/തകഴി
ആലപ്പുഴ ജില്ലയില്‍, ചമ്പക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്ത് ആണു തകഴി. പ്രശസ്ത മലയാള സഹിത്യകാരൻ ആയ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം കൂടിയാണു തകഴി.
കാർഷിക ഗ്രാമമായ തകഴി, കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലായി വ്യാപിച്ചു കിടക്കുന്നു. വിസ്തീർണം: 27.8 ച.കി.മീ.; വാർഡുകളുടെ എണ്ണം: 10. കുട്ടനാട്ടിലെ ഏക റെയിൽവേ സ്റ്റേഷൻ തകഴിയിലാണ്. തദ്ദേശവാസികളിൽ ഭൂരിഭാഗവും കർഷകരോ കർഷകത്തൊഴിലാളികളോ ആണ്.
മനസ്സിലാക്കാന്‍
[edit | edit source]കേരളത്തിൽ ബുദ്ധമതം പ്രചാരം നേടിയിരുന്ന ആദ്യ ശതകങ്ങളിൽ തകഴി ഒരു സുപ്രധാന ബുദ്ധമതകേന്ദ്രമായി പരിലസിച്ചിരുന്നു എന്നാണ് ചരിത്രരേഖകൾ വ്യക്തമാക്കുന്നത്. ബുദ്ധമതാനുയായികളായിരുന്ന ആദിചേരന്മാർ കുട്ടനാട് കേന്ദ്രമാക്കി ഭരണം നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അക്കാലത്ത് നിരവധി ബുദ്ധക്ഷേത്രങ്ങൾ ഇവിടെ നിലനിന്നിരുന്നു എന്ന് ഇവിടത്തെ അയ്യപ്പക്ഷേത്രശൃംഖലകൾ സാക്ഷ്യം വഹിക്കുന്നു. പൂന്തല, കരൂർ, അയ്യൻ കോയിക്കൽ, വണ്ടാനം, കരുമാടിക്കുട്ടൻ, തകഴി, കേളമംഗലം, ചങ്ങങ്കരി, കോട്ട, പാണ്ടങ്കരി, ആനപ്രമ്പാൽ, പൊടിയാടി, മീന്തലക്കര എന്നീ അയ്യപ്പക്ഷേത്രങ്ങളുടെ നിര ശബരിമല വരെ നീളുന്നു. അയ്യപ്പഭക്തൻമാരുടെ രണ്ടാം ശബരിമലയാണ് തകഴിക്ഷേത്രം. ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ പാലിയം ശാസനത്തിൽ സൂചിപ്പിക്കപ്പെടുന്ന ശ്രീമൂലവാസം എന്ന ബുദ്ധമത തീർഥാടനകേന്ദ്രം ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും മധ്യേ കുട്ടനാട്ടിലായിരുന്നു എന്നാണ് ചരിത്രഗവേഷകരുടെ അനുമാനം.
11 -ാം നൂറ്റാണ്ടിൽ രൂപം കൊണ്ട ചെമ്പകശ്ശേരി രാജവംശത്തിന്റേയും പിന്നീട് തിരുവിതാംകൂറിന്റേയും അധീനതയിലായിരുന്ന പ്രദേശമാണ് തകഴി. രാജവാഴ്ചയുടെ സ്മാരകങ്ങളൊന്നും തന്നെ ഇവിടെ അവശേഷിക്കുന്നില്ലെങ്കിലും പ്രസിദ്ധ മലയാള സാഹിത്യ കാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മദേശം എന്നപേരിൽ ഈ ഗ്രാമം വിഖ്യാതമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള തകഴി ശ്രീ ധർമശാസ്താക്ഷേത്രത്തിൽ പൂജിച്ചു നല്കുന്ന 'വലിയെണ്ണ' വാതരോഗത്തിനും മറ്റും സിദ്ധൗഷധമാണെന്നാണ് പരമ്പരാഗതമായി നിലനിന്നുവരുന്ന വിശ്വാസം. ക്ഷേത്രത്തിലെ ശാസ്താവിഗ്രഹവുമായി ബന്ധപ്പെട്ടാണ് ഈ ഗ്രാമത്തിന് തകഴി എന്ന പേര് ലഭിച്ചതെന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്.
കുട്ടനാട്ടിലെ കലാ-സാംസ്കാരിക കേന്ദ്രമായിരുന്നു തകഴിയും ഇവിടത്തെ ക്ഷേത്രങ്ങളും. തുള്ളൽ തുടങ്ങിയ പല നാടൻ കലകളുടേയും ആചാര്യനായ കുഞ്ചൻ നമ്പ്യാരുടെ സാന്നിധ്യം ഇവിടത്തെ ക്ഷേത്രകലകളെ വളർത്തിയെടുക്കാൻ സഹായകമായിരുന്നു. ചെമ്പകശ്ശേരി രാജാവ് ചാക്യാന്മാരുടെ പരാതിയിൻമേൽ കുഞ്ചൻ നമ്പ്യാർക്കും തുള്ളൽകലയ്ക്കും അമ്പലപ്പുഴയിൽ വിലക്കേർപ്പെടുത്തിയപ്പോൾ നമ്പ്യാർക്ക് തകഴിയിലാണ് അരങ്ങു ലഭിച്ചത്. ക്ഷേത്രകലകളായ കൂത്ത്, കൂടിയാട്ടം, വേലകളി തുടങ്ങിയവ ഇവിടെ ദീർഘകാലം പ്രശോഭിച്ചിരുന്നു. വേലകളി ഇന്നും ഇവിടെ അരങ്ങേറാറുണ്ട്. കഥകളിയുടെ നാടെന്ന നിലയിലും തകഴി പ്രസിദ്ധി നേടിയിട്ടുണ്ട്. ഇവിടത്തെ മിക്ക ക്ഷേത്രങ്ങളിലും കഥകളി അഭ്യസിപ്പിച്ചിരുന്നു. തോട്ടം ശങ്കരൻനമ്പൂതിരിപ്പാട്,ഗുരു കുഞ്ചുക്കുറുപ്പ്, തകഴി കുട്ടൻപിള്ള, തകഴി ശിവശങ്കരനാരായണൻ എന്നിവർ കഥകളിരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നല്കിയവരാണ്. ഇവിടത്തെ ക്ഷേത്രങ്ങളിലെ അനുഷ്ഠാനകലയായിരുന്ന പടയണി സാമൂഹികവിമർശനത്തിന് വളരെയധികം ഊന്നൽ നൽകിയിരുന്നു.
എത്തിച്ചേരാന്‍
[edit | edit source]പഞ്ചായത്തിലെ ഗതാഗതസൌകര്യങ്ങൾ നന്നേ അപര്യാപ്തമാണ്. അമ്പലപ്പുഴ-തിരുവല്ല റോഡിലെ ഏകദേശം 6 കി.മീ. ദൂരം പഞ്ചായത്തിലൂടെ കടന്നുപോകുന്നതൊഴിച്ചാൽ കാര്യമായ റോഡ് സൌകര്യം കാണുന്നില്ല. ജലാശയങ്ങൾ, പാടശേഖരങ്ങൾ, തോടുകൾ എന്നിവയുടെ ആധിക്യം റോഡ് ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നു. പമ്പയാർവഴിയുള്ള ബോട്ടുസർവീസിനെയാണ് ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത്.