Wy/ml/ആന്ധ്രാ പ്രദേശ്‌

From Wikimedia Incubator
< Wy‎ | ml
Wy > ml > ആന്ധ്രാ പ്രദേശ്‌

ഇന്ത്യയുടെ തെക്കുകിഴക്കു ഭാഗത്തുള്ള ഒരു സംസ്ഥാനമാണ്‌ ആന്ധ്രാപ്രദേശ്‌ (തെലുങ്ക്:ఆంధ్ర ప్రదేశ్ ). തെലുങ്ക്‌ ഭാഷ മുഖ്യമായി സംസാരിക്കപ്പെടുന്ന ഈ സംസ്ഥാനത്തിന്റെ തലസ്ഥാനം ഹൈദരാബാദ് ആണ്‌. വടക്ക്‌ ഛത്തീസ്ഗഡ്‌, ഒറീസ, മഹാരാഷ്ട്ര; തെക്ക്‌ തമിഴ്‌നാട്‌; കിഴക്ക്‌ ബംഗാൾ ഉൾക്കടൽ; പടിഞ്ഞാറ്‌ കർണ്ണാടക എന്നിവയാണ്‌ ആന്ധ്രാപ്രദേശിന്റെ അതിർത്തികൾ. വിസ്തീർണ്ണത്തിന്റെ അടിസ്ഥാനത്തിൽ നാലാമതും ജനസംഖ്യ അടിസ്ഥാനത്തിൽ അഞ്ചാമതും വലിയ ഇന്ത്യൻ സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്

മനസ്സിലാക്കാൻ[edit | edit source]

ആന്ധ്രാപ്രദേശ് "ഇന്ത്യയുടെ അരിപ്പാത്രം" (Rice bowl of India) എന്നാണ് അറിയപ്പെടുന്നത്. ഇവിടെ കൃഷി ചെയ്യുന്നതിൽ 70 ശതമാനവും നെല്ലാണ്. 2006ൽ ആന്ധ്ര പ്രദേശ് 17,796,000 ടൺ നെല്ല് ഉത്പാദിപ്പിച്ചു. ചോളം, ബജറ, നിലക്കടല, പരുത്തി തുടങ്ങിയവയും കൃഷി ചെയ്തു വരുന്നു. ആന്ധ്രാ പ്രദേശിലൂടെ ഒഴുകുന്ന രണ്ട് പ്രധാന നദികളാണ് കൃഷ്ണയും ഗോദാവരിയും. തുംഗഭദ്ര, പൊന്നാർ, വംശധാര, നാഗാവലി തുടങ്ങിയവയും പ്രധാനപ്പെട്ട നദികളാണ്. പുതുച്ചേരി (പോണ്ടിച്ചേരി) സംസ്ഥാനത്തിന്റെ യാനം ജില്ല ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കു ഗോദാവരി നദീമുഖത്താണ് സ്ഥിതിചെയ്യുന്നത്. മുൻ കാലങ്ങളിൽ ഈ പ്രദേശം ആന്ധ്രാപഥം, ആന്ധ്രാദേശം, ആന്ധ്രാവനി, ആന്ധ്രാ വിഷയ എന്നിങ്ങനെ പല പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1956 നവംബർ 1നു അന്നു നിലവിലുണ്ടായിരുന്ന ഹൈദരാബാദ്, ആന്ധ്രാ സംസ്ഥാനങ്ങളിലെ തെലുങ്ക് ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു.

ഡെക്കാൺ പീഠഭൂമിയുടെ കിഴക്കൻ ഭാഗവും പൂർവ്വഘട്ടത്തിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന സമതലപ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ് ആന്ധ്രാപ്രദേശ്. തെലങ്കാന , റായലസീമ , തീരദേശ ആന്ധ്ര എന്നിങ്ങനെ മൂന്ന് മേഖലകൾ[1] ഉൾക്കൊള്ളുന്ന ആന്ധ്രാപ്രദേശിൽ 23 ജില്ലകളുണ്ട്. തെലങ്കാന, റായലസീമ പ്രദേശങ്ങളെ വേർതിരിക്കുന്നത് കൃഷ്ണ നദിയാണ്. അഡിലാബാദ്, അനന്തപ്പൂർ, ചിറ്റൂർ, കടപ്പ(വൈ, എസ് ആർ), ഈസ്റ്റ് ഗോദാവരി, ഗുണ്ടൂർ, ഹൈദരാബാദ്, കരീം നഗർ, ഖമ്മം, കൃഷ്ണ ജില്ല, കുർനൂൽ, മെഹ്ബൂബ് നഗർ, മേദക്, നൽഗൊണ്ട, നെല്ലൂർ, നിസാമബാദ്, പ്രകാശം, രങ്ഗറെഡി, ശ്രീകാകുളം, വിശാഖപട്ടണം, വിജയനഗരം, വാറംഗൽ, വെസ്റ്റ് ഗോദാവരി എന്നിവയാണ് ആന്ധ്രാപ്രദേശിലെ 23 ജില്ലകൾ. 19130 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള അനന്തപ്പൂരാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ ജില്ല, 527 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഹൈദരാബാദാണ് ഏറ്റവും ചെറിയ ജില്ല. പൊതുവേ ചൂടും ആർദ്രതയും കൂടിയ കാലാവസ്ഥയാണ് ആന്ധ്രാപ്രദേശിൽ അനുഭവപ്പെടുന്നത്.

ഭാഗമായത്: Wy/ml/ഇന്ത്യ