Wn/ml/ജാതീയത തിരിച്ചുകൊണ്ടുവരാൻ ശ്രമം: പിണറായി
തിരുവനന്തപുരം• ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭാഗീയത തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. ശ്രീ നാരായണഗുരുവിന്റെ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 125-ആമതു വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ചു "അരുവിപ്പുറം പ്രതിഷ്ഠയും ശ്രീനാരായണ ഗുരുദേവ സന്ദേശത്തിന്റെ കാലിക പ്രസക്തിയും" എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്‌യുകയായിരുന്നു പിണറായി. സ്വന്തം ക്ഷേത്രങ്ങളിൽ സ്വജാതിക്കാർ മാത്രം പൂജാരിമാരായാൽ മതിയെന്നാണ് ചിലർ വാദിക്കുന്നത്. ഇവർ ഉയർത്തുന്ന ഹൈന്ദവ ഏകീകരണം എന്ന ആശയം അപകടകരമാണ്. നാരായണഗുരു വിഭാവനം ചെയ്ത മാതൃകാസമൂഹം എന്ന ആശയത്തിൽ നിന്ന് അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനം മാറിപ്പോകുകയാണ്. ഒരാളുടെ മഹത്വം ബോധ്യപ്പെടുത്താൻ അദ്ദേഹത്തെ ദൈവമായി അവതരിപ്പിക്കേണ്ടതില്ല. ഗുരുദേവന്റെ മാനവീകതയ്ക്കാണ്, ആത്മീയതയ്ക്കല്ല ഊന്നൽ നൽകേണ്ടത്. ശ്രീ നാരായണഗുരുവിനെ ആൾദൈവമാക്കരുതെന്നും പിണറായി പറഞ്ഞു.
മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് പി.പി. ജയിംസ്, ഇന്ത്യാ ടുഡെ അസോഷ്യേറ്റ് എഡിറ്റര്‍ എം.ജി. രാധാകൃഷ്ണന്‍, സ്വാമി ഗുരുപ്രസാദ്, സ്വാമി ൠതംബരാനന്ദ, സ്വാമി സാന്ദ്രാനന്ദ, വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.