Wy/ml/ബുഡാപെസ്റ്റ്
പ്രസിദ്ധമായ ഡാന്യൂബ് നദിയുടെ തീരത്താണ് ഹംഗറിയുടെ തലസ്ഥാനമായ , ഡാന്യൂബിന്റെ മുത്തെന്നും (Pearl of Danube) കിഴക്കിന്റെ പാരീസെന്നുമൊക്കെ അറിയപ്പെടുന്ന ബുഡാപെസ്റ്റ്. 17 ലക്ഷം പേർ അധിവസിക്കുന്ന ഈ നഗരം ജനസംഖ്യയുടെ കാര്യത്തിൽ യൂറോപ്പിൽ എട്ടാം സ്ഥാനത്താണ്.ഡാന്യൂബ് നദിയുടെ ഒരു കരയിലുള്ള ബുഡാ എന്ന മലയോരപട്ടണവും മറുകരയിലുള്ള പെസ്റ്റ് എന്ന ആധുനികനഗരവും ചേർന്ന ഇരട്ടനഗരമാണ് (Twin City) ബുഡാപെസ്റ്റ്.
മഹാനദി എന്ന വിശേഷണം അന്വർത്ഥമാക്കുന്ന അതിവിശാലമായ നദിയാണ് ജർമ്മനിൽ ഡൊണോവ് എന്നും ഹംഗേറിയനിൽ ഡൂണ എന്നും പേരുള്ള ഡാന്യൂബ്. 2800 കിമീ നീളമുള്ള ഡാന്യൂബ്, നീളത്തിൽ റഷ്യയിലെ വോൾഗക്കു പിന്നിലായി യൂറോപ്പിൽ രണ്ടാം സ്ഥാനത്താണ് . ജർമ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റിൽ നിന്നുൽഭവിച്ച് 10 രാജ്യങ്ങളിലൂടെ ഒഴുകിയാണ് ഈ നദി ഉക്രെയിൻ-റൊമാനിയ അതിർത്തിയിൽ വച്ച് കരിങ്കടലിൽ ചെന്ന് ചേരുന്നത്. വിയെന്ന, ബ്രാട്ടിസ്ലാവ, ബുഡാപെസ്റ്റ്, ബെൽഗ്രേഡ് എന്നീ 4 തലസ്ഥാനനഗരങ്ങൾ ഡാന്യൂബിന്റെ തീരത്താണ്. അങ്ങനെ ബുഡാപെസ്റ്റിന്റെ മാത്രമല്ല യൂറോപ്പിന്റെ മൊത്തം ജീവനാഡിയാണ്‌ഡാന്യൂബ്.
ഇരു വശത്തും നിറയെ റെസ്റ്റോറന്റുകളും കടകളുമുള്ള അതിവിശാലമായ റോഡാണ് ആന്ദ്രാസ്സെ അവെന്യൂ (Andrássy_út). നഗരത്തിലെ മെട്രോ ട്രെയിനിന്റെ ഒരു ലൈൻ ഇതിനടിയിലൂടെ ആണ് പോകുന്നത്. 1896 ഇൽ പ്രവർത്തനമാരംഭിച്ച ബുഡാപെസ്റ്റ് മെട്രോ ലോകത്തിലെ രണ്ടാമത്തെ പഴക്കം ചെന്ന ഭൂഗർഭ റെയിൽ ആണ്.1863 ഇൽ നിലവിൽ വന്ന ലണ്ടൻ ട്യൂബാണത്രേ ലോകത്തിലെ ആദ്യത്തേത്.
മാഗ്യാറുകൾ ഹംഗേറിയൻ രാജ്യം പടുത്തുയർത്തിയതിന്റെ സഹസ്രാബ്ദസ്മരണക്കാണ് 1895 ഇൽ ഹീറോസ് സ്ക്വയറിലെ മില്ലെനിയം മൊണുമെന്റ് പണികഴിപ്പിച്ചത്. അക്കാലത്ത് ഹംഗറി, ആസ്ട്രിയൻ രാജവംശമായ ഹാബ്സ്ബുർഗുകളുടെ ഭരണത്തിൻ കീഴിലായിരുന്നതിനാൽ മാഗ്യാറുകൾക്കൊപ്പം ഹാബ്സ്ബുർഗ് രാജാക്കന്മാരുടെ ശില്പങ്ങളും മില്ലെനിയം മൊണുമെന്റിൽ സ്ഥാനം പിടിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് കനത്ത ബോംബിങ്ങിനു വിധേയമായ ഹീറൊസ് സ്ക്വയർ പുനർനിർമ്മിച്ചത് യുദ്ധാനന്തരം വന്ന സോവിയറ്റ് അനുകൂല കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. സ്വാഭാവികമായും ഹാബ്സ്ബുർഗ് രാജാക്കന്മാർ അപ്രത്യക്ഷരാകുകയും പകരം തൊഴിലാളി മുന്നേറ്റങ്ങളുടെയും ഇടതുപക്ഷനേതാക്കന്മാരുടെയും പ്രതിമകൾ മാഗ്യാറുകൾക്കൊപ്പം ഇടം പിടിക്കുകയും ചെയ്തു.1989ഇൽ കമ്മ്യുണിസ്റ്റ് ഭരണം താഴെ വീണപ്പോൾ ഈ ശില്പങ്ങൾ നീക്കം ചെയ്ത് ഹീറോസ് സ്ക്വയർ ഇന്നത്തെ രൂപത്തിലാക്കി. ഹീറോസ് സ്ക്വയറിൽ നിന്നും അതു പോലെ ഹംഗറിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പിഴുതെടുത്ത കൂറ്റൻ കമ്മ്യൂണിസ്റ്റ് ശില്പങ്ങൾ ഇന്ന് മൊമെന്റൊ പാർക്ക് എന്ന ഒരു തുറന്ന ഉദ്യാനത്തിൽ വിശ്രമം കൊള്ളുന്നു.