Jump to content

Wy/ml/അടിമാലി

From Wikimedia Incubator
അടിമാലി

അടിമാലി പ്രകൃതി സൗന്ദര്യം

അടിമാലി (Adimali) ഇടുക്കി ജില്ലയിലെ പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു മലയോര പട്ടണമാണ്. മൂന്നാറിലേക്കുള്ള പ്രവേശന കവാടം എന്ന് അറിയപ്പെടുന്ന ഈ പ്രദേശം, പ്രകൃതിഭംഗിയാലും തണുത്ത കാലാവസ്ഥയാലും സഞ്ചാരികളെ ആകർഷിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 650 മീ. (ഏകദേശം 2,130 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അടിമാലി, സമതലപ്രദേശങ്ങളെ അപേക്ഷിച്ച് കുറഞ്ഞ താപനിലയും മനോഹരമായ വെള്ളച്ചാട്ടങ്ങളും വനപ്രദേശങ്ങളും കൊണ്ട് അനുഗൃഹീതമാണ്.

അടിമാലി ബസ് സ്റ്റാൻഡ്

മനസ്സിലാക്കുക

[edit | edit source]
അടിമാലി

അടിമാലി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പ്രധാനമായും രണ്ട് അഭിപ്രായങ്ങളാണ് നിലവിലുള്ളത്. അവയിൽ ഒന്ന് ഭൂപ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. പശ്ചിമഘട്ടത്തിലെ ഉയർന്ന മലനിരകളുടെ അടിവാരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് 'അടിമാലി' എന്ന പേര് വന്നതെന്നാണ് ഏറ്റവും പ്രബലമായ വാദം. മൂന്നാറിലേക്കും മറ്റ് ഉയർന്ന മലനിരകളിലേക്കും കയറുന്നതിന് മുൻപുള്ള താഴ്ന്ന പ്രദേശം എന്നതിനെ ഇത് സൂചിപ്പിക്കുന്നു. രണ്ടാമത്തെ അഭിപ്രായക്കാർ കരുതുന്നത്, ഈ പ്രദേശത്തെ പുരാതന നിവാസികളായിരുന്ന ഗോത്രവർഗ്ഗക്കാരുടെ ഭാഷയിൽ നിന്നാണ് ഈ പേര് രൂപപ്പെട്ടതെന്നാണ്. ഗോത്രവർഗ്ഗ ഭാഷയിൽ മലനിരകളെയും കാടിനെയും സൂചിപ്പിക്കുന്ന പദങ്ങളിൽ നിന്ന് പരിണമിച്ചാണ് ഇത് ഇന്നത്തെ രൂപത്തിലെത്തിയത് എന്നവർ കരുതുന്നു.

  • മൂന്നാറിന്റെ കവാടം: കൊച്ചിയിൽ നിന്ന് മൂന്നാറിലേക്ക് പോകുന്നവർക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും പറ്റിയ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളമാണ് അടിമാലി. മൂന്നാറിലെ തണുപ്പിലേക്ക് കയറുന്നതിന് മുൻപ് കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ഈ പ്രദേശം സഹായിക്കുന്നു.
  • പ്ലാസ്റ്റിക് നിരോധനം: ഇടുക്കി ജില്ലയുടെ ഭാഗമായതിനാൽ അടിമാലിയിലും പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാൻ സഞ്ചാരികൾ ശ്രദ്ധിക്കേണ്ടതാണ്.

കാലാവസ്ഥ

[edit | edit source]

അടിമാലിയിൽ വർഷം മുഴുവനും പൊതുവെ സുഖകരമായ കുളിർമയുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. മൂന്നാറിനോളം തണുപ്പില്ലെങ്കിലും, സമതല പ്രദേശങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ അന്തരീക്ഷം വളരെ ശാന്തവും കുളിർമ്മയുള്ളതുമാണ്.

  • താപനില: വർഷത്തിൽ ഭൂരിഭാഗവും താപനില 17°C നും 26°C നും ഇടയിൽ നിൽക്കുന്നു.
  • വേനൽക്കാലം (മാർച്ച് - മെയ്): ഈ സമയത്ത് താപനില അല്പം ഉയരുമെങ്കിലും (ഏകദേശം 30°C വരെ) മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ചൂട് കുറവായിരിക്കും.
  • വർഷകാലം (ജൂൺ - സെപ്റ്റംബർ): കനത്ത മഴ ലഭിക്കുന്ന സമയമാണിത്. ഈ സമയത്ത് വെള്ളച്ചാട്ടങ്ങൾ അവയുടെ പൂർണ്ണ സൗന്ദര്യത്തിൽ കാണാമെങ്കിലും, യാത്രകൾക്കും കാഴ്ചകൾക്കും മഴ തടസ്സമായേക്കാം.
  • ശീതകാലം (ഒക്ടോബർ - ഫെബ്രുവരി): ഏറ്റവും കുളിർമയുള്ള സമയമാണിത്. താപനില 15°C വരെ താഴാറുണ്ട്.

സന്ദർശിക്കാൻ അനുയോജ്യമായ സമയം
അടിമാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ്.

  • അന്തരീക്ഷം വളരെ തെളിഞ്ഞതും മനോഹരവുമായിരിക്കും.
  • കഠിനമായ മഴയോ ചൂടോ ഇല്ലാത്തതിനാൽ കാഴ്ചകാണലിനും ട്രെക്കിംഗിനും അനുയോജ്യമാണ്.
  • വെള്ളച്ചാട്ടങ്ങളിലും തോട്ടങ്ങളിലും സമൃദ്ധമായ പച്ചപ്പ് കാണാൻ സാധിക്കും.

സംസാരഭാഷ

[edit | edit source]

പട്ടണത്തിലെ ഔദ്യോഗിക ഭാഷ മലയാളം ആണ്. ചെറിയൊരു ശതമാനം തദ്ദേശവാസികൾ തമിഴ്, ഗോത്രവർഗ്ഗ ഭാഷകൾ, ഇതരസംസ്ഥാന ഭാഷകൾ സംസാരിക്കുന്നു. എന്നിരുന്നാലും, പട്ടണത്തിലെ മിക്ക നാമഫലകങ്ങളും മലയാളത്തിലും, ഇംഗ്ലീഷിലും ദ്വിഭാഷകളാണ്. മലയാളത്തിനും ഇംഗ്ലീഷിനും പുറമേ, മിക്ക കടയുടമകൾക്കും ടൂറിസ്റ്റ് ഗൈഡുകൾക്കും തമിഴ് മനസ്സിലാക്കാനും സംസാരിക്കാനും കഴിയും.

എത്തിച്ചേരുക

[edit | edit source]

അടിമാലിയിലേക്ക് വിമാനമാർഗ്ഗവും റെയിൽവേ വഴിയും റോഡ് വഴിയും എത്തിച്ചേരാനുള്ള വഴികൾ ഇവയാണ്. ‌

വിമാനമാർഗ്ഗം

[edit | edit source]

അടിമാലിക്ക് സ്വന്തമായി വിമാനത്താവളമില്ല. ഏറ്റവും അടുത്തുള്ളത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് (COK IATA).

  • ദൂരം: വിമാനത്താവളത്തിൽ നിന്ന് അടിമാലിയിലേക്ക് ഏകദേശം 75 - 80 കിലോമീറ്റർ ദൂരമുണ്ട്.
  • യാത്ര: വിമാനത്താവളത്തിൽ നിന്ന് ടാക്സി വഴിയോ കെ.എസ്.ആർ.ടി.സി ബസുകൾ വഴിയോ 2.5 മുതൽ 3 മണിക്കൂർ കൊണ്ട് അടിമാലിയിൽ എത്താം.

റയിൽ മാര്‍ഗ്ഗം

[edit | edit source]

അടിമാലിയിൽ റെയിൽവേ സ്റ്റേഷൻ ഇല്ല. ഏറ്റവും അടുത്തുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകൾ ഇവയാണ്:

  • ആലുവ: കൊച്ചിക്ക് പുറത്തുനിന്ന് വരുന്നവർക്ക് ഇവിടെ ഇറങ്ങി ബസ്സ് അല്ലെങ്കിൽ ടാക്സി മാർഗ്ഗം വരാവുന്നതാണ്.
  • എറണാകുളം: ഏകദേശം 100 കിലോമീറ്റർ ദൂരം.
  • കോട്ടയം: തെക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഇവിടെ ഇറങ്ങി അടിമാലിയിലേക്ക് വരാം.

റോഡ് മാർഗ്ഗം

[edit | edit source]

റോഡ് മാർഗ്ഗമാണ് അടിമാലിയിലേക്ക് എത്താൻ ഏറ്റവും എളുപ്പവും സൗകര്യപ്രദവും. സ്വകാര്യ, ടാക്സി കാറുകളും ജീപ്പുകളും കൂടാതെ പൊതുഗതാഗത വാഹനങ്ങളും ഈ പട്ടണം വഴി മൂന്നാർക്ക് കടന്നു പോകാറുണ്ട്.

പ്രധാന പാത:

[edit | edit source]

കൊച്ചി - ധനുഷ്കോടി ദേശീയപാത (NH 85) അടിമാലിയിലൂടെയാണ് കടന്നുപോകുന്നത്. സ്വകാര്യ കാറുകൾ / ടാക്സി ഉപയോഗിച്ച് ആലുവ, കൊച്ചി, കോട്ടയം എന്നിവിടങ്ങളിൽ നിന്ന് ഈ ദേശീയപാത വഴി അടിമാലിയിലേക്ക് എത്തുന്നതിന് എടുക്കുന്ന ഏകദേശ സമയം താഴെ പട്ടികയിൽ കാണുക.

കാറുവഴി യാത്രാ സമയം
പുറപ്പെടൽയാത്രാ ദൈർഘ്യംദൂരം
ആലുവയിൽ നിന്ന്2 മണിക്കൂർ 25 മിനിറ്റ്83 കി.മീ.
കൊച്ചിയിൽ (എറണാകുളം) നിന്ന്2 മണിക്കൂർ 55 മിനിറ്റ്100 കി.മീ
കോട്ടയത്തു നിന്ന്3 മണിക്കൂർ 10 മിനിറ്റ്117 കി.മീ

ബസ് സർവീസുകൾ

[edit | edit source]

കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി (എറണാകുളം), കോട്ടയം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് അടിമാലിയിലേക്ക് കെ.എസ്.ആർ.ടി.സി (KSRTC) ബസുകളും സ്വകാര്യ ബസുകളും നിരന്തരം സർവീസ് നടത്തുന്നുണ്ട്.

മൂന്നാർ യാത്രക്കാർക്ക്: മൂന്നാറിലേക്ക് പോകുന്ന മിക്കവാറും എല്ലാ വാഹനങ്ങളും അടിമാലി വഴിയാണ് കടന്നുപോകുന്നത്. കൊച്ചിയിൽ നിന്ന് അടിമാലിയിലേക്ക് ഏകദേശം 3 മണിക്കൂർ യാത്രയുണ്ട്.

ചുറ്റിക്കറങ്ങുക

[edit | edit source]
Map
Map of:അടിമാലി

ഓട്ടോറിക്ഷ

[edit | edit source]

അടിമാലി ടൗണിനുള്ളിലും അടുത്തുള്ള സ്ഥലങ്ങളിലേക്കും യാത്ര ചെയ്യാൻ ഏറ്റവും സൗകര്യപ്രദമായ മാർഗ്ഗമാണിത്. അടിമാലി ബസ് സ്റ്റാൻഡിന് സമീപവും പ്രധാന കവലകളിലും ഓട്ടോ സ്റ്റാന്റുകൾ ലഭ്യമാണ്. കുറഞ്ഞ ദൂരത്തിലുള്ള യാത്രകൾക്കും ഓഫ്-റോഡ് പാതകളല്ലാത്ത സ്ഥലങ്ങളിലേക്കും ഇത് അനുയോജ്യമായ ഒരു വാഹനമാണ്.

ടാക്സിയും ജീപ്പും

[edit | edit source]

അടിമാലിയിലെ മലയോര മേഖലകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം ടാക്സി കാറുകളോ ജീപ്പുകളോ ആണ്. കോട്ടപ്പാറ വ്യൂ പോയിന്റ് പോലുള്ള കുത്തനെയുള്ള മലനിരകളിലേക്ക് പോകാൻ ജീപ്പുകൾ ലഭ്യമാണ്. അടിമാലിയിൽ നിന്ന് 'മാങ്കുളം' ഭാഗത്തേക്ക് പോകുന്നവർക്ക് പ്രത്യേക ജീപ്പ് സഫാരി പാക്കേജുകളും ലഭിക്കും. മൂന്നാർ, അടിമാലി പരിസരങ്ങളിലെ കാഴ്ചകൾ കാണാൻ ദീർഘനേരത്തേക്ക് ടാക്സികൾ വാടകയ്ക്ക് എടുക്കാം.

ചുറ്റിക്കാണുക

[edit | edit source]

ഇടുക്കിയിലെത്തുന്ന ഭൂരിഭാഗം സഞ്ചാരികളും കടന്നുപോകുന്ന പ്രധാന പാതയാണ് അടിമാലി.

ചീയപ്പാറ വെള്ളച്ചാട്ടം

1 ചീയപ്പാറ വെള്ളച്ചാട്ടം, NH 85, കൊച്ചി-മധുര-തൊണ്ടി പോയിൻ്റ് റോഡ്, ചില്ലിത്തോട്, കേരളം 685561 (നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ, അടിമാലിയിൽ നിന്ന് ഏകദേസം 18 കി.മീ അകലെ, ദേശീയപാത 85 ന് സമീപത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.). 24 മണിക്കൂർ x 7 ദിവസങ്ങൾ. ഏഴ് തട്ടുകളായി താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടം റോഡരികിൽ തന്നെ സ്ഥിതി ചെയ്യുന്നതിനാൽ സഞ്ചാരികൾക്ക് എളുപ്പത്തിൽ ആസ്വദിക്കാം. സൌജന്യം. ചീയപ്പാറ വെള്ളച്ചാട്ടം on Wikipedia Cheeyappara Waterfalls (Q38335) on Wikidata OSM directions
2 വാളറ വെള്ളച്ചാട്ടം, NH 49, ചില്ലിത്തോട്, കേരളം 685561 (മൂന്നാർ-കൊച്ചി ഹൈവേയിൽ (NH49) അടിമാലിക്കും നേരിയമംഗലത്തിനും ഇടയിലാണ് വാളറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. അടിമാലിയിൽ നിന്ന് ഏകദേശം 16.5 കി.മീ. അകലെ.). 24 മണിക്കൂർ x 7 ദിവസങ്ങൾ. ചീയപ്പാറയ്ക്ക് തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന നിബിഡ വനത്താൽ ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടം. സൌജന്യം. വാളറ വെള്ളച്ചാട്ടം on Wikipedia Valara (Q7909263) on Wikidata OSM directions
3 പോട്ടാസ് ഫാം വേൾഡ്, XVI/227/6 പോട്ടാസ് ഫാംസ്, ചാറ്റുപാറ, മച്ചിപ്ലാവ്, അടിമാലി 685561 (അടിമാലിയിൽ നിന്ന് ഏകദേശം 3.9 കിലോമീറ്റർ ദൂരമാണ് ഈ ഫാമിലേക്കുള്ളത്. ദേശീയപാത 85 (NH 85) വഴി സ്വന്തം വാഹനത്തിൽ സഞ്ചരിക്കുകയാണെങ്കിൽ ഏകദേശം 8 മിനിറ്റ് കൊണ്ട് അവിടെ എത്തിച്ചേരാം.), +91 95260-63109. അടിമാലിയിൽ പുതിയതായി വന്ന "ഫാം ടൂറിസം" (കൃഷി വിനോദസഞ്ചാരം) കേന്ദ്രങ്ങൾ കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്നവയാണ്.സിപ്‌ലൈൻ, ബാംബൂ റാഫ്റ്റിംഗ്, വാട്ടർ സോർബിംഗ്, ഫിഷ് സ്പാ തുടങ്ങിയ വിനോദങ്ങൾ ഇവിടെ ആസ്വദിക്കാം. Pottas Fun Farm (Q138593797) on Wikidata OSM directions

മറ്റുള്ള ആകർഷണങ്ങൾ

[edit | edit source]
  • സുഗന്ധവ്യഞ്ജന വ്യാപാരം: ഹൈറേഞ്ചിന്റെ കവാടമായതിനാൽ നല്ല ഗുണമേന്മയുള്ള കുരുമുളക്, ഏലം, ഗ്രാമ്പൂ എന്നിവയും ഹോംമേഡ് ചോക്ലേറ്റുകളും ഇവിടെ നിന്ന് വാങ്ങാം.
  • ആന ക്യാമ്പുകൾ: അടിമാലിക്ക് സമീപമുള്ള ആന ക്യാമ്പുകളിൽ ആന സവാരി നടത്താനും ആനകളെ അടുത്തറിയാനും സാധിക്കും.
  • കൃഷി വിജ്ഞാന കേന്ദ്രം: കാർഷിക മേഖലയിൽ താൽപ്പര്യമുള്ളവർക്ക് അടിമാലിയിലെ കാർഷിക വിജ്ഞാന കേന്ദ്രം സന്ദർശിക്കാവുന്നതാണ്. ഹൈറേഞ്ചിലെ വിവിധയിനം വിളകളെക്കുറിച്ചും ആധുനിക കൃഷിരീതികളെക്കുറിച്ചും ഇവിടെ നിന്ന് മനസ്സിലാക്കാം.
  • മാങ്കുളം - ആനക്കുളം യാത്ര: അടിമാലിയിൽ നിന്ന് ഏകദേശം 25-30 കിലോമീറ്റർ മാറിയാണ് മാങ്കുളം സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളെ കാണാൻ താൽപ്പര്യമുള്ളവർക്ക് ഇവിടേക്കുള്ള യാത്ര ഒരു വേറിട്ട അനുഭവമായിരിക്കും. പുഴയോരത്ത് ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാൻ വരുന്നത് ഇവിടുത്തെ പ്രത്യേകതയാണ്.
  • പ്രാദേശിക ചന്തകൾ: കൃഷിക്ക് പ്രാധാന്യമുള്ള സ്ഥലമായതിനാൽ തിങ്കൾ, വെള്ളി ദിവസങ്ങളിൽ അടിമാലിയിൽ നടക്കുന്ന പ്രാദേശിക ചന്തകൾ സന്ദർശിക്കുന്നത് നാടൻ ഉൽപ്പന്നങ്ങൾ നേരിട്ട് വാങ്ങാൻ സഹായിക്കും.

വാങ്ങുക

[edit | edit source]

ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന അടിമാലിയിൽ നിന്ന് സഞ്ചാരികൾക്ക് വാങ്ങാൻ കഴിയുന്ന ഏറ്റവും മികച്ച വസ്തുക്കൾ പ്രധാനമായും കൃഷിയുമായും സുഗന്ധവ്യഞ്ജനങ്ങളുമായും ബന്ധപ്പെട്ടവയാണ്.

സുഗന്ധവ്യഞ്ജനങ്ങൾ

[edit | edit source]

ഇടുക്കിയുടെ തനിമയാർന്നതും ഗുണമേന്മയുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങൾ അടിമാലിയിൽ കുറഞ്ഞ നിരക്കിൽ ലഭിക്കും.

  • ഏലം: ലോകനിലവാരമുള്ള ഏലം ഇവിടെ നേരിട്ട് കർഷകരിൽ നിന്നും ഷോപ്പുകളിൽ നിന്നും വാങ്ങാം.
  • കുരുമുളക്: ഹൈറേഞ്ചിലെ തോട്ടങ്ങളിൽ നിന്ന് വിളവെടുത്ത നല്ല കുരുമുളക് ഇവിടെ ലഭ്യമാണ്.
  • ഗ്രാമ്പൂ, കറുവാപ്പട്ട, ജാതിപത്രി: ഇവയെല്ലാം വൃത്തിയായി പാക്ക് ചെയ്തത് ഇവിടെ ലഭിക്കും.

തേയിലയും കാപ്പിയും

[edit | edit source]

മൂന്നാറിനോട് ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ പലതരം ചായപ്പൊടികൾ ഇവിടെ സുലഭമാണ്.

  • തേയില: വൈറ്റ് ടീ, ഗ്രീൻ ടീ, മസാല ടീ തുടങ്ങിയ വൈവിധ്യങ്ങൾ ഇവിടെയുണ്ട്.
  • കാപ്പിപ്പൊടി: നാടൻ റോബസ്റ്റ, അറബിക്ക കാപ്പിപ്പൊടികൾ നല്ല മണത്തോടും രുചിയോടും കൂടി വാങ്ങാം.

ഹോംമേഡ് ചോക്ലേറ്റുകൾ

[edit | edit source]

മൂന്നാർ യാത്രക്കാർക്കിടയിൽ വളരെ പ്രശസ്തമാണ് ഇവിടുത്തെ ഹോംമേഡ് ചോക്ലേറ്റുകൾ. ഡാർക്ക് ചോക്ലേറ്റ്, വൈറ്റ് ചോക്ലേറ്റ്, നട്‌സ് ചേർത്ത ചോക്ലേറ്റുകൾ എന്നിങ്ങനെ പല രുചികളിൽ ഇവ ലഭ്യമാണ്.

തേനും തൈലങ്ങളും

[edit | edit source]
  • ശുദ്ധമായ തേൻ: കാട്ടുതേനും തോട്ടങ്ങളിൽ നിന്ന് ശേഖരിക്കുന്ന തേനും ഇവിടെ വിൽക്കപ്പെടുന്നു.
  • തൈലങ്ങൾ: യൂക്കാലിപ്‌റ്റസ് ഓയിൽ, ലെമൺ ഗ്രാസ് ഓയിൽ (പുൽതൈലം), ആയുർവേദ മസാജ് ഓയിലുകൾ എന്നിവ അടിമാലിയിലെ കടകളിൽ ധാരാളമായി കാണാം.

കരകൗശല വസ്തുക്കൾ

[edit | edit source]
  • മുള, ചിരട്ട, തടി എന്നിവ കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങളും അലങ്കാര വസ്തുക്കളും ഇവിടെ വിൽക്കാറുണ്ട്.
  • പ്രകൃതിദത്തമായ രീതിയിൽ നിർമ്മിച്ച സോപ്പുകളും സൗന്ദര്യവർദ്ധക വസ്തുക്കളും ഇപ്പോൾ ഇവിടെ ലഭ്യമാണ്.

കായവറുത്തതും മധുരപലഹാരങ്ങളും

[edit | edit source]

റോഡരികിലെ കടകളിൽ നിന്ന് മധുരപലഹാരങ്ങളും, അപ്പോൾ തന്നെ വറുത്തെടുത്ത നേന്ത്രക്കായ വറുത്തതും ചക്ക വറുത്തതും സഞ്ചാരികൾ പ്രധാനമായും വാങ്ങാറുണ്ട്.

കഴിക്കുക

[edit | edit source]

അടിമാലിയിലെ ഭക്ഷണരീതികൾ കേരളത്തിന്റെ തനതായ ഹൈറേഞ്ച് രുചികളാൽ സമ്പന്നമാണ്. സസ്യാഹാരമായാലും മാംസാഹാരമായാലും ഫ്രഷ് ആയ ചേരുവകൾ ഉപയോഗിച്ചുള്ള വിഭവങ്ങളാണ് ഇവിടെ ലഭിക്കുന്നത്.

സസ്യാഹാരം

[edit | edit source]

അടിമാലി പട്ടണത്തിൽ നല്ല നിലവാരമുള്ള സസ്യാഹാര ഭക്ഷണശാലകൾ ലഭ്യമാണ്.

  • കേരള സദ്യ: ഉച്ചസമയത്ത് ഇലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ മിക്ക ഹോട്ടലുകളിലും ലഭിക്കും.
  • പുട്ടും കടലക്കറിയും: മലയോര മേഖലയിലെ പ്രഭാതഭക്ഷണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണിത്. കൂടാതെ, അപ്പവും സ്റ്റ്യൂവും പ്രശസ്തമാണ്.
  • ഇഡ്ഡലി, ദോശ, വട: തെന്നിന്ത്യൻ വിഭവങ്ങൾ എല്ലാ പ്രഭാതങ്ങളിലും വൈകുന്നേരങ്ങളിലും ലഭ്യമാണ്.
  • കപ്പ പുഴുങ്ങിയത്: മുളക് ചമ്മന്തിയോടൊപ്പമുള്ള കപ്പ പുഴുങ്ങിയത് ഇവിടുത്തെ ഒരു പ്രത്യേക വിഭവമാണ്.

മാംസാഹാരം

[edit | edit source]

ഹൈറേഞ്ച് ശൈലിയിലുള്ള മസാലകൾ ചേർത്ത മാംസ വിഭവങ്ങൾ അടിമാലിയിലെ പ്രത്യേകതയാണ്.

  • മലയാളി മീൻ കറിയും, മീൻ പൊരിച്ചതും: ശുദ്ധജല മത്സ്യങ്ങളും കടൽ മത്സ്യങ്ങളും ഇവിടെ ലഭ്യമാണ്. ഷാപ്പ് സ്റ്റൈൽ മീൻ കറികൾക്ക് ഇവിടെ വലിയ പ്രിയമുണ്ട്.
  • നാടൻ കോഴി കറി: കപ്പയോടൊപ്പമോ പൊറോട്ടയോടൊപ്പമോ കഴിക്കാൻ പറ്റിയ നാടൻ കോഴി കറി മിക്ക റെസ്റ്റോറന്റുകളിലും ലഭിക്കും.
  • ബീഫ് ഉലത്തിയത്: കേരളത്തിലെ മറ്റ് സ്ഥലങ്ങളിലേതുപോലെ തന്നെ അടിമാലിയിലും ബീഫ് വിഭവങ്ങൾ വളരെ ജനപ്രീതിയാർജ്ജിച്ചതാണ്.
  • ബിരിയാണി: മലബാർ ശൈലിയിലും തമിഴ്‌നാട് ശൈലിയിലുമുള്ള ചിക്കൻ, മട്ടൻ ബിരിയാണികൾ ഇവിടെ ലഭ്യമാണ്.

ഭക്ഷണശാലകള്‍

[edit | edit source]

അടിമാലി ടൗണിലും മൂന്നാർ റോഡിലും ധാരാളം ഭക്ഷണശാലകൾ ഉണ്ട്.

  • തട്ടുകടകൾ: വൈകുന്നേരങ്ങളിൽ ചൂടുള്ള ബജ്ജിയും ബോണ്ടയും ഓംലെറ്റും ലഭിക്കുന്ന തട്ടുകടകൾ അടിമാലിയിലെ രാത്രികാല കാഴ്ചകളിൽ പ്രധാനമാണ്.
  • ഹൈവേ റെസ്റ്റോറന്റുകൾ: കൊച്ചി-ധനുഷ്കോടി പാതയോരത്ത് വലിയ പാർക്കിംഗ് സൗകര്യമുള്ള കുടുംബസമേതം കയറാൻ പറ്റിയ നല്ല ഭക്ഷണശാലകൾ ഉണ്ട്.

കുടിക്കുക

[edit | edit source]

തണുപ്പുള്ള കാലാവസ്ഥയായതുകൊണ്ട് ചൂടുള്ള പാനീയങ്ങൾക്കാണ് ഇവിടെ കൂടുതൽ ആവശ്യക്കാർ.

  • ചായയും കാപ്പിയും: തോട്ടങ്ങളിൽ നിന്ന് നേരിട്ടെത്തുന്ന ഫ്രഷ് തേയില ഉപയോഗിച്ചുള്ള ചായയും കാപ്പിയും ഇവിടുത്തെ പ്രത്യേകതയാണ്. കട്ടൻ ചായ, സുലൈമാനി എന്നിവയും ലഭിക്കും.
  • കുലുക്കി സർബത്ത്: വേനൽക്കാലത്ത് ടൗണിലെ തട്ടുകടകളിൽ കുലുക്കി സർബത്തുകൾ ധാരാളമായി കാണാം.
  • ഫ്രഷ് ജ്യൂസുകൾ: പാഷൻ ഫ്രൂട്ട്, കൈതച്ചക്ക, തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന പഴങ്ങൾ ഉപയോഗിച്ചുള്ള ജ്യൂസുകൾ ഇവിടെ സുലഭമാണ്.
  • 'ചെളിക്കുളം: അടിമാലിയിലെ ചില തട്ടുകടകളിൽ പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന കട്ടി കൂടിയ ചായകൾ സഞ്ചാരികൾക്കിടയിൽ പ്രശസ്തമാണ്.

താമസസൗകര്യങ്ങൾ

[edit | edit source]

ആഡംബര / പ്രീമിയം താമസ സൗകര്യങ്ങൾ

[edit | edit source]

അടിമാലി ടൗണിന് അല്പം മാറി പ്രകൃതിരമണീയമായ സ്ഥലങ്ങളിൽ മികച്ച റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്.

  • 1 ഡ്യൂ ഡ്രോപ്സ് ഫാം റിസോർട്ട്സ്, കുരിശുപാറ, കല്ലാർ-മാങ്കുളം റോഡ്, വട്ടിയാർ 685565 (കാറിൽ സഞ്ചരിച്ചാൽ ഏകദേശം അര മണിക്കൂറിൽ എത്താവുന്ന ദൂരത്തിൽ, കല്ലാർ-മാങ്കുളം റോഡിൽ കുരിശുപാറക്ക് സമീപം സ്ഥിതി ചെയ്യുന്നു.), +91 95262-00081. Check-in: 13:00, check-out: 11:00. പ്രകൃതിയോട് ചേർന്ന് ഒരു വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഈ റിസോർട്ട് ദേശീയപാതയിൽ (NH-16) നിന്ന് 4 കി.മീ, വിരിപാറ വെള്ളച്ചാട്ടത്തിൽ നിന്ന് 6 കി.മീ, മനോഹരമായ കരടിപ്പാറ വ്യൂ പോയിന്റിൽ നിന്ന് 8 കി.മീ അകലെയാണ്. കുടുംബങ്ങൾക്കും, മധുവിധു ദമ്പതികൾക്കും അനുയോജ്യമാണ്. വനാന്തരീക്ഷവും ഫാം ടൂറിസവും ഇവിടുത്തെ പ്രത്യേകതകളാണ്. OSM directions
  • 2 ജസ്റ്റെ റെയിഞ്ചേർസ് മൂന്നാർ ഫൂട്ട്ഹിൽസ് (അടിമാലി ടൗണിന് സമീപം, കാറിൽ സഞ്ചരിച്ചാൽ ഏകദേശം 10 മിനുറ്റ് അകലെ, സ്ഥിതി ചെയ്യുന്ന ഒരു പ്രീമിയം ഹോട്ടലാണിത്.), +91 +91 81300-94767Phone with wrong format, . മലനിരകളുടെ മനോഹരമായ കാഴ്ചകളും മികച്ച റെസ്റ്റോറന്റ് സൗകര്യവും ഇവിടെയുണ്ട്. OSM directions
  • 3 വീടീ മിഡ് ടൗൺ, പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, വീറ്റി കോംപ്ലക്സ്, ബസ് സ്റ്റാൻഡ് റോഡ്, അടിമാലി 685561 (അടിമാലി ടൗണിന് സമീപം, കാറിൽ സഞ്ചരിച്ചാൽ ഏകദേശം 10 മിനുറ്റ് അകലെ, സ്ഥിതി ചെയ്യുന്ന ഒരു പ്രീമിയം ഹോട്ടലാണിത്.), +91 +91 94009-75333Phone with wrong format, . അടിമാലി ടൗണിൽ തന്നെ സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ഒരു മികച്ച ഹോട്ടലാണിത്. യാത്രക്കാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും. OSM directions

ബജറ്റ് താമസ സൗകര്യങ്ങൾ

[edit | edit source]

കുറഞ്ഞ ചിലവിൽ താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടൗണിനുള്ളിൽ നിരവധി ഐശ്ചികങ്ങളുണ്ട്. അടിമാലി ബസ് സ്റ്റാൻഡിന് പരിസരത്തും കൊച്ചി-മൂന്നാർ റോഡരികിലുമായി ₹1,000 മുതൽ ₹2,000 വരെ നിരക്കിൽ ലഭിക്കുന്ന നിരവധി ഹോട്ടലുകൾ ലഭ്യമാണ്. "ഹോട്ടൽ നോവാർക്ക്" പോലുള്ളവ ഇതിന് ഉദാഹരണമാണ്. "വിൽമൗണ്ട് ക്യാബിൻ ഹോംസ്" (കാബിൻ ശൈലിയിലുള്ള താമസ സൗകര്യങ്ങൾ താൽപ്പര്യമുള്ളവർക്ക്) തിരഞ്ഞെടുക്കാവുന്ന ഒന്നാണിത്.

ഹോംസ്റ്റേകൾ

[edit | edit source]

ഹൈറേഞ്ചിന്റെ തനതായ ആതിഥ്യമര്യാദയും നാടൻ ഭക്ഷണവും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹോംസ്റ്റേകൾ തിരഞ്ഞെടുക്കാം. അടിമാലിക്ക് ചുറ്റുമുള്ള ഏലത്തോട്ടങ്ങൾക്കും തേയിലത്തോട്ടങ്ങൾക്കും ഉള്ളിലായി മനോഹരമായ ഹോംസ്റ്റേകൾ ലഭ്യമാണ്.

അടിയന്തിര സഹായം

[edit | edit source]

അടിമാലി വിനോദസഞ്ചാരികളെ സംബന്ധിച്ചിടത്തോളം പൊതുവേ സുരക്ഷിതമായ ഒരു സ്ഥലമാണ്.

  • 1 പോലീസ് സ്റ്റേഷൻ, അടിമാലി-കുമിളി ഹൈവേ, മന്നംകല SC കോളനി, കോയിക്കക്കുടി, അടിമാലി 685562 (അടിമാലി ബസ് സ്റ്റാൻഡിൽ നിന്ന് കൊച്ചി-ധനുഷ്‌കോടി (NH 85) റോഡിലേക്ക് തിരിഞ്ഞു ഏകദേശം 150 മീ. അകലെ അടിമാലി-കുമിളി (NH 185) ഹൈവേയിലേക്ക് തിരിഞ്ഞ് ഏകദേശം 700 മീ. അകലെ വലത്തോട്ട് തിരിഞ്ഞാൽ ഇവിടെ എത്താം.), +91 4864 222-145, . 24 x 7 എല്ലാ ദിവസവും. മന്നംകണ്ടം പോലീസ് ഔട്ട് പോസ്റ്റ് ആയിരുന്നത് 1975 മുതൽ അടിമാലി പോലീസ് സ്റ്റേഷനായി പ്രവർത്തനം തുടങ്ങി. ഇതൊരു ജനമൈത്രി പോലീസ് സ്റ്റേഷൻ ആണ്. OSM directions
  • സംയോജിത അടിയന്തര സഹായം. ഏത് നേരവും. ഡയൽ ചെയ്യൂ: 1 1 2 (പോലീസ്, ആംബുലൻസ്, ഫയർഫോഴ്‌സ് തുടങ്ങിയ വിവിധ അടിയന്തര സാഹചര്യങ്ങളിൽ സഹായം ലഭിക്കുന്നതിനായി അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതും എളുപ്പത്തിൽ ഓർമ്മിക്കാവുന്നതുമായ ഒരു അടിയന്തര നമ്പറാണിത്).

അടിയന്തര ഹെല്പ് ലൈനുകൾ

[edit | edit source]
    • പോലീസ്: 1 0 0
    • തീ പിടിത്തം, രക്ഷപ്പെടുത്തൽ: 1 0 1
    • ആംബുലൻസ്: 1 0 2
    • വനിതകൾക്ക് : 1 8 1 അല്ലെങ്കിൽ 1 0 9 1
    • റോഡപകടം: 1 0 7 3

യാത്ര തുടരുക

[edit | edit source]
  • മൂന്നാർ: ഏകദേശം 27 - 30 കിലോമീറ്റർ അകലെ
  • മാങ്കുളം - ആനക്കുളം: ഏകദേശം 25 - 28 കിലോമീറ്റർ അകലെ
  • ഇടുക്കി ഡാം: ഏകദേശം 45 - 50 കിലോമീറ്റർ അകലെ


Create category

നഗര യാത്രാ വഴികാട്ടി അടിമാലി ഉപയോഗയോഗ്യം ആകുന്നു.. അവിടെ എങ്ങനെ എത്തിച്ചേരാം, ഭക്ഷണശാലകൾ, ഹോട്ടലുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഇതിലുണ്ട്. സാഹസികത ഇഷ്ടപ്പെടുന്ന ഒരാൾക്ക് ഈ ലേഖനം ഉപയോഗിക്കാം, പക്ഷേ ദയവായി താൾ തിരുത്തിക്കൊണ്ട് മെച്ചപ്പെടുത്താൻ മടിക്കേണ്ട.